1960.അന്ന് ഞാൻ വിളക്കുമാടം സ്‌കൂളിൽ 6ആം standard ൽ പഠിക്കുകയാണ്. സ്‌കൂൾ വാർഷികം പ്രമാണിച്ച് അനേകം മത്സരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ചിത്ര രചന.ഒരു limited time ൽ ചിത്രം വരക്കണം. ഇഷ്ടമുള്ളത് വരക്കാം. ഞാൻ പങ്കെടുത്തു. മുതിർന്ന കുട്ടികളാണ് മുറി നിറയെ. ഒരു പശു പുല്ലു തിന്നുന്ന ചിത്രമാണ് ഞാൻ വരച്ചത്. സമ്മാനം ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷേ ഫലം വന്നപ്പോൾ എനിക്ക് രണ്ടാം സമ്മാനം കിട്ടി. സമ്മാനമായി എനിക്ക് കിട്ടിയത് Fr. ചാക്കുണ്ണി കൊലഴി എഴുതിയ 100 പഴഞ്ചൊല്ല് കഥകൾ എന്ന പുസ്തകം ആയിരുന്നു. അതിന്റെ ചുവന്ന കവർ പേജിൽ ഒരാൾ പുലിവാൽ പിടിക്കുന്നതിന്റെ ചിത്രം ആയിരുന്നു.
അന്ന് പുസ്തകങ്ങൾ കുറവായിരുന്നു. സ്വന്തമായി ഒരു പുസ്തകം ഉണ്ടായിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ആ പുസ്തകത്തെ ഞാൻ നെഞ്ചോട് ചേർത്തു. random ആയിട്ട് വായിച്ചു രസിച്ചു. കഥകൾ പലതും ഓർമ്മയുണ്ട്.അവയിൽ ചിലത് താഴെ കുറിക്കുന്നു.
1. ഒരു വൈദികൻ ഞായറാഴ്ച്ച പ്രസംഗിക്കുമ്പോൾ ഒരു ചേടത്തി കരയുന്നത് കണ്ടു. അച്ഛന് വളരെ സന്തോഷം തോന്നി. കുർബ്ബാന കഴിഞ്ഞപ്പോൾ വൈദികൻ ചേടത്തിയോട് കാരണം അന്വേഷിച്ചു. ചേടത്തി ഇങ്ങനെ പറഞ്ഞു:" അച്ചന്റെ താടി കണ്ടപ്പോൾ എന്റെ ചത്തു പോയ ആടിന്റെ കാര്യം ഓർത്തു. അവന്റെ താടി അച്ചന്റെതാടി പോലെ ആയിരുന്നു."
2. പിശുക്ക് പഠിക്കാൻ ആഗ്രഹിച്ച ഒരാൾ പേരുകേട്ട ഒരു പിശുക്കനെ കാണാൻ പോയി. സന്ധ്യയ്ക്ക് ആണ് പിശുക്ക് ഉസ്താദിന്റെ വീട്ടിൽ എത്തിയത്. വിളക്ക് കൊളുത്തിയിരുന്നില്ല. സംസാരിച്ചു ഇരിക്കാൻ വെട്ടം വേണ്ടല്ലോ. അവർ ഏറെ നേരം സംസാരിച്ചു ഇരുന്നു. പെട്ടന്ന് ഉസ്താദ് പറഞ്ഞു."എന്നെ എന്തോ കടിച്ചു. വിളക്ക് കൊളുത്തണം."
"കൊളുത്താൻ വരട്ടെ. എന്റെ മുണ്ട് ഉടുത്തോട്ടെ."
മുണ്ട് മുഷിയാതിരിക്കാൻ അയാൾ മുണ്ട് ഉരിഞ്ഞു മടക്കി ഭദ്രമായി കയ്യിൽ വെച്ചിരിക്കുകയായിരുന്നു. ഉസ്താദ് തോൽവി സമ്മതിച്ചു വന്നവന്റെ ശിഷ്യനായി.
3. മത്തായിയുടെ പറമ്പിൽ വഴി തെറ്റിയ ഒരു കാ ള വന്നു കയറി. അയാൾ വികാരിയെ കണ്ട് എന്തു ചെയ്യണം എന്ന് ചോദിച്ചു."നീ നാടെങ്ങും പോയി ഇക്കാര്യം വിളിച്ചു പറയണം." മത്തായി നാടുനീളെ നടന്ന് വിളിച്ചു ചോദിച്ചു." ആർക്കെങ്കിലും ഒരു കയർ കാണാതെ പോയിട്ടുണ്ടോ?" എന്നിട്ട് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു." അറ്റതത് ഒരു കാളയും."
4.
ഒരു യുവാവ് വിവാഹം കഴിക്കാൻ പോവുകയാണ്. വധുവിന്റെ വീട്ടിൽ ചെല്ലുമ്പോൾ എങ്ങനെ പെരുമാറണം എന്ന് മാതാപിതാക്കൾ ഉപദേശിച്ചു."അവിടെ ചെല്ലുമ്പോൾ പെണ്ണിന്റെ parents നോട് ധാരാളം സംസാരിക്കണം." വധുവിന്റെ വീട്ടിൽ ചെന്നപ്പോൾ സംഭാഷണം എങ്ങനെ തുടങ്ങണം എന്ന് ചെറുക്കന് ഒരു tension. വളരെ നേരം ആലോചിച്ചു അവൻ പറഞ്ഞു."അപ്പാ, അപ്പൻ പെണ്ണു കെട്ടിയതാണോ?"
5. ഒരു വ്യാപാരി വനത്തിൽക്കൂടി യാത്ര ചെയ്യുകയായിരുന്നു. അയാളുടെ മടിശീലയിൽ ധാരാളം സ്വർണ്ണ നാണയങ്ങൾ ഉണ്ടായിരുന്നു. ഒരു പുലി അയാളെ ആക്രമിച്ചു. മൽപ്പിടുത്താം
നടന്നു. അയാൾക്ക് പുലിയുടെ വാലിൽ പിടുത്തം കിട്ടി. പുലിയും അയാളും മരത്തിന് ചുറ്റും ഓടി. മടിശീല അഴിഞ്ഞു നാണയങ്ങൾ ചിതറി. കുറെ നേരം കഴിഞ്ഞ് ഒരാൾ ആ വഴി വന്നു. എന്താണ് സംഭവം എന്ന് അയാൾ ചോദിച്ചു." ഈ പുലിയുടെ വയറ്റിൽ സ്വർണ്ണ നാണയങ്ങൾ ഉണ്ട്. വാലിൽ പിടിച്ച് മരത്തിനു ചുറ്റും ഓടിയാൽ പുലി നാണയങ്ങൾ കാഷ്ഠിക്കും." ആഗതൻ പുലിയുടെ വാലിൽ പിടിച്ച് ഓട്ടം തുടങ്ങി. വ്യാപാരി തന്റെ നാണയങ്ങൾ പെറുക്കി എടുത്ത് രക്ഷപ്പെട്ടു.
ഈ കഥയിൽ നിന്നാണ് പുലിവാല് പിടിച്ചു എന്ന പ്രയോഗം ഉണ്ടായത്.നായര് പിടിച്ച പുലിവാല് എന്നൊരു സിനിമ ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്തു ആളുകൾ പഴംചൊല്ലുകൾ ചേർത്താണ് സംസാരിച്ചിരുന്നത്. അങ്ങനെയുള്ള സംസാരം കേൾക്കുന്നത് രസകരമായിരുന്നു. ഉദാഹരണത്തിന് പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ, മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണതുപോലെ, അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, എന്നൊക്കെ പറയും. ഇന്ന് അത്തരം ശൈലികൾ കേൾക്കാനില്ല. ഇന്ന് സ്മൈലികൾ അല്ലെങ്കിൽ gif ഉപയോഗിച്ചാണ് കൂടുതൽ ആശയ വിനിമയം.
നാളെ:പിണറായി പിടിച്ച പുലിവാല്
Comments
Post a Comment